Player_logo Podcasts Community Create a Podcast
കിര്‍മ്മീരവധം(ലളിത-പാഞ്ചാലി)
Clean
October 29, 2008 04:21 AM PDT

കോട്ടയത്തുതമ്പുരാന്റെ ‘കിര്‍മ്മീരവധം’ കഥകളിയിലെ ലളിത-പാഞ്ചാലി രംഗം അതിമനോഹരമായി ഉണ്ണികൃഷ്ണക്കുറുപ്പാശാന്‍ പാടിയിരുന്നു. കിര്‍മ്മീരവധത്തിലെ ഈ രംഗം മാത്രമായി വതരിപ്പിക്കുന്ന പതിവ് ആ
കാലത്ത് അധികമായി ഉണ്ടായിരുന്നു. ഇതിന്റെ ഉദ്ദേശം തന്നെ കുറുപ്പാശാന്റെ അരങ്ങുപാട്ട് കേള്‍ക്കുക എന്നതായിരുന്നുതാനും.

കൂടെ പാടിയിരിക്കുന്നത് കലാനിലയം ഉണ്ണികൃഷ്ണന്‍.

ആപാദമധുരമാണ് കുറുപ്പാശാന്റെ അരങ്ങുപാട്ട് എങ്കിലും അതിലെ ചില പ്രധാന പ്രത്യേകതകള്‍ പറയുവാന്‍ ശ്രമിക്കട്ടെ.....

‘വിനിശ്ചിതവതീ ഖലു‘ ‘ഭൂത്വാഥ’ എന്നിവിടങ്ങളില്‍ നിര്‍ത്തലോടെ നവരസരാഗത്തിന്റെ മനോഹരിത വെളിവാക്കുന്ന സഞ്ചാരങ്ങളോടുകൂടിയുള്ള ശ്ലോകാലാപനം.

നവരസരാഗത്തിലും പതിഞ്ഞഅടന്തയിലാരംഭിക്കുന്ന ചിട്ടപ്രധാനമായ ലളിതയുടെ ‘നല്ലാര്‍കുലമണിയും’ എന്ന പദമാണ് ആദ്യത്തേത്. നിര്‍ഭാഗ്യവശാല്‍ ഇതിന്റെ അനുപല്ലവി വരേയുള്ള ഭാഗങ്ങളെ ഈ ശബ്ദലേഘനത്തില്‍ ലഭ്യമായിട്ടുള്ളു.

അടന്തതാളത്തില്‍തന്നെ യദുകുലകാമ്പോജിയിലുള്ള ‘ദ്രുപദഭൂപതി തന്റെ’ എന്ന പാഞ്ചാലിയുടെ മറുപടി പദമാണ് തുടര്‍ന്ന്. ഇതിലെ,
‘മോദ.......മോദവിധായിനി’ എന്ന മുറിച്ചുള്ള പ്രയോഗം, ‘ഞാന്‍ എന്നറിക നീ’ എന്ന പല്ലവി അവസാനിപ്പിക്കല്‍, ‘ദുരിതവൈഭവം’
എന്നിടത്തെ സംഗതി, ‘കാനന....സീമനി’ എന്നുള്ള പിരിച്ചുള്ള ആലാപനം, 'കാനന'എന്നുചൊല്ലി അനുപല്ലവി അവസാനിപ്പിക്കുന്നത്.
‘ഞാനെന്നറിക’ എന്നുള്ള ചേര്‍ത്തു പാടല്‍, ‘ഖ’യ്ക്ക് ഊന്നല്‍
നല്‍കിക്കൊണ്ട് ഉള്ള ‘സുഖമോടെ’, ‘വരുമാശു’എന്നുള്ള നിര്‍ത്തല്‍, എന്നിവ ഈ പദത്തെ മനോഹരമാക്കിതീര്‍ക്കുന്നു.

അടുത്തത് ‘വനമുണ്ടിവിടെ‘ എന്ന ലളിതയുടെ ചരണമാണ്. ഇതിലെ ‘വനിതമാര്‍‘ എന്നതു സ്ഥായിതാഴ്ത്തി
മനോഹരമാക്കിയിരിക്കുന്നു.

അടുത്തശ്ലോകത്തിലെ ‘ദുര്‍ഗ്ഗാവലോകന’ എന്നിടത്തെ സഞ്ചാരം എത്ര ലളിതമധുരമായതാണ്.

തുടര്‍ന്ന് കാബോജി-ചെമ്പടയിലുള്ള ലളിതയുടെ പ്രസിദ്ധമായ ‘കണ്ടാലതിമോദമുണ്ടായ്‌വരും’ എന്ന പദമാണ്.
ഇതിലെ, ‘കൊണ്ടല്‍നിരതിമിര.......തിമിരമിടയുന്ന’ എന്ന് മുറിച്ചു് കൂട്ടിചേര്‍ത്തുള്ള പ്രയോഗവും, ‘വണ്ടുകളുടനുടനിഹവന്നു’ എന്ന സ്തലത്ത്
രംഗത്ത് നടന്‍ വണ്ടുകളുടെ പറക്കല്‍ കാട്ടുമല്ലൊ. അത് സാധാരണ
ആദ്യം കുറഞ്ഞകാലത്തിലും ക്രമേണ രണ്ടുപ്രാവിശ്യം കാലം ഉയര്‍ത്തി വേഗത്തിലുമാണ് കാട്ടുക. ഈ ഭാഗത്ത് നടന്റെ ഈ രംഗക്രിയക്കുസഹായകമായി കുറുപ്പാശാന്‍ കാലം ഉയര്‍ത്തി ചേങ്കിലയില്‍ താളമിട്ടുകൊടുക്കുന്നതും, അന്യത്ര ഗായകരില്‍ കാണാത്തതാണ്.
‘കണ്ടു പുനരിണ്ടല്‍‌പൂണ്ടു ബത മണ്ടീടുന്നു’ എന്ന ഭാഗം നടന്‍
നൃത്തത്തോടുകൂടി വിസ്തരിച്ച് അഭിനയിക്കുന്നതിനനുഗുണമായി താളമിട്ട് പാടിയിരിക്കുന്നത് ശ്രദ്ധിക്കു.....